Saturday, June 18, 2016

PART -2

ഉച്ചയ്ക്ക് വന്നുകിടന്നതും ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോഴേക്കും ഒരുപാട് വൈകുകയും ചെയ്തു. 
അപർണ്ണയെ വിളിച്ച് അവളുടെ ഐഡിയും കാർഡും വച്ച് ബുക്ക് ചെയ്ത തത്ക്കാൽ ടിക്കറ്റിന്റെ ദാരുണമായ അന്ത്യത്തെക്കുറിച്ച് പറഞ്ഞു.
“ഇനി രാത്രീത്തെ ട്രെയിനിൽ പോവ്വാം.” ഞാൻ പറഞ്ഞു.
“എക്സാമിന്റെ ടൈമല്ലേ? തിരക്കുണ്ടാവില്ല ട്രെയിനിൽ.”എന്നവൾ കണക്കുകൂട്ടി. 
അവൾ ഊഹിച്ചതുപോലെ തന്നെ കോളേജ് സ്റ്റോപ്പിൽ നിന്ന് റയിൽവേ സ്റ്റേഷനിലേക്കുള്ള ബസ്സിൽ ആളുകൾ അധികമുണ്ടായിരുന്നില്ല. 

ആളൊഴിഞ്ഞ ബസ്സിൽ,
നീലിച്ച കറുപ്പ് നിറഞ്ഞ ആകാശത്തിന്റെ ചുവട്ടിലൂടെ
വീതികുറഞ്ഞ നിരത്തിൽ ബസ്സിനകത്തേക്ക് ചാഞ്ഞ് നില്ക്കുന്ന ചെടികളും പടർപ്പുകളും തൊട്ട് തൊട്ടുള്ള യാത്ര എനിക്ക് ഇഷ്ടമാണ്‌.
ഒരു ലക്ഷണമൊത്ത ആനയെ എഴുന്നള്ളിച്ചു നിർത്തുന്നതുപോലെ ഏകാന്തത അന്നേങ്ങളിൽ എന്റെ ഉള്ളിൽ തലയുയർത്തും. പിന്നീട് എന്റെയുള്ളിൽ എന്റെ മാത്രമായ ഉത്സവക്കൊടിയേറ്റമാണ്‌.

ഞാൻ അധികം യാത്രകൾ ചെയ്യാത്ത ഒരാളാണ്‌. എനിയ്ക്ക് ഇഷ്ടവും അല്ല അത്. യാത്രകളും വാഹനങ്ങളും അതിന്റെ സമയവും ഗതിവേഗങ്ങളും എനിയ്ക്ക് ബാധ്യതയായ് തോന്നുകയാണ്‌ പതിവ്. ആളുകൾ അലഞ്ഞു തിരിയുന്നത് എന്തിനാണെന്ന് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്.
ഒരേ നഗരത്തിൽ ഒരേയിടത്ത് അങ്ങേയറ്റം സ്വസ്ഥമാണ്‌ എന്റെ മനസ്സ്.
അവിടേയ്ക്ക് ആളുകൾ വന്നു ചേരുന്നു. ഞാനവർക്ക് സുഹൃത്താകുന്നു- ഹൃദയം തുറന്നുവെച്ച കേൾവിക്കാരിയാകുന്നു.
അല്ലെങ്കിലും ലോകത്ത് സംസാരിക്കുന്നവർക്കല്ല; കേട്ടിരിയ്ക്കാൻ സന്നദ്ധതയുള്ളവർക്കാണ്‌ ക്ഷാമം. ആളുകൾ തിരക്കു പിടിച്ച് ഓടിപ്പോകുന്നു, പലയിടത്തേക്കുമായ്.

'കാത്തിരിക്കുന്നവളാകുക; ആർക്കും കാത്തിരിക്കാനുള്ള കാരണമാകാതിരിക്കുക.
കേൾവിക്കാരിയാകുക. 
ഒരിടത്തേക്കും തിരക്കു പിടിച്ച് ഓടിപ്പോകാനില്ലാതെ, അനന്തമായ സമയത്തിന്റെ അവകാശിയാവുക.'
എന്റെ ഇഷ്ടങ്ങൾ.

എന്നിലേക്ക് വന്നുചേരുന്ന സൗഹൃദങ്ങളും അങ്ങനെയാണ്‌. അവർക്ക് ഞാൻ അവരെ പ്രതിഫലിപ്പിക്കുന്ന ഒരിടമാണ്‌. ഒരുപാട് ശബ്ദങ്ങൾക്കിടയിൽ നിന്ന് അവരാഗ്രഹിക്കുന്ന സ്വരമായ് മാറാൻ ഞാൻ നിരന്തരം എന്നെ പരിശീലിപ്പിക്കുന്നു.
എവിടെയെങ്കിലുമായ് സ്വീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ്‌ മിക്കപേരും. സ്നേഹത്തിന്റെ വിഭിന്നമായ അന്വേഷണങ്ങളെ കുറിച്ച് ബോധ്യമുള്ള ഒരാൾക്ക് അയാളിലേക്കു വന്നുചേരുന്ന എല്ലാറ്റിനേയും സ്നേഹമായ് സ്വീകരിക്കാൻ കഴിയുന്നു. അങ്ങനെ പറയാറില്ലേ?

" നമ്മളിലേക്ക് വരുന്ന എല്ലാറ്റിനേയും സ്നേഹിക്കാൻ നമുക്ക് കഴിയില്ലലോ.." അപർണ്ണ പറയാറുണ്ട്:
“എന്നാൽ അതിൽ നിന്ന് ചിലരെ തിരഞ്ഞെടുക്കാൻ കഴിയും. അകാരണമായ് നമ്മിലേക്ക് വീണ്ടും വീണ്ടും വന്നു ചേരുന്ന ചിലർ. നമുക്ക് അവരുമായ് പങ്കിടാൻ ചിലതുണ്ടാകും: ചിലപ്പോൾ ജീവിതം, മറ്റുചിലപ്പോൾ മനസ്സ്, ശരീരം,അല്ലെങ്കിൽ വാക്കുകൾ, ചിലപ്പോൾ ഭൂമിയിലിത്തിരി ഇടം.”
ചിലപ്പോൾ അപർണ്ണയാകില്ല അവളിലെ വിനായകനാകും സംസാരിക്കുക. എനിക്കറിയാം.

രണ്ടു മനുഷ്യർക്കിടയിലുള്ള ബന്ധം ഉത്കണ്ഠയോടെ മാത്രം കണ്ടുശീലിച്ച അവൾക്ക് ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു.
" നമ്മൾ വളരെ സന്തുഷ്ടരാണെന്ന് ലോകം മുഴുവൻ കരുതും," ഒരിയ്ക്കൽ അവൾ പറഞ്ഞിരുന്നു: 
" ഇലകളും പൂക്കളും തണ്ടുകളോടും കൂടി ഒരു ചെടി പൂപ്പാത്രത്തിൽ എടുത്തുവയ്ക്കുന്നതുപോലെയാണത്. കാണുന്നവർക്ക് അത് വളരെ ഭംഗിയുള്ളതായ് തോന്നും. വേരുകളില്ലാതെ അതിനെന്ത് നിലനില്പ്! ആർക്കൊക്കെയോ കാഴ്ചയാകാൻ മാത്രമൊരു അലങ്കാരവസ്തു ! വിനായകൻ എനിയ്ക്ക് വേരുകൾ കൂടി നല്കുന്നു. അതെന്നെ പിടിച്ചു നിർത്തുന്നു."

'പലജീവനുകളിൽ പകുത്തുകിടക്കുകയാണ്‌ ജീവിതം. ' ഞാൻ വിശ്വസിക്കുന്നത് അങ്ങനെ ആണ്‌. ഒരാളെ മാത്രം ആശ്രയിച്ചുള്ള ഒന്നല്ല അത്. അനങ്ങനെ ആകരുത് അത്.
' നമുക്ക് ചുറ്റിലും അനേകായിരം സ്നേഹ സാന്നിധ്യങ്ങളും സാമീപ്യങ്ങളുമുണ്ട്;
അത് നമ്മിലേക്ക് വന്നു ചേരുന്നതാണ്‌.
എവിടേയ്ക്കും ഓടിപ്പോകാനില്ലാതെ നാം അതെല്ലാം സ്വീകരിയ്ക്കുന്നു, അതിന്റെ എല്ലാം ഭാഗമാകുന്നു. അത്രമേൽ അപൂർണ്ണരാണ്‌ നമ്മൾ. പൂർണ്ണതയിലേക്ക് യാത്ര തുടങ്ങുന്ന ഒരുവനിലേക്ക് അനുഭവങ്ങൾ നിറഞ്ഞു കൊണ്ടേ ഇരിക്കുന്നു. അതിശയിപ്പിക്കുന്ന കൂട്ടിച്ചേർക്കലുകൾ!

നാം കാത്തിരിക്കുന്ന സ്നേഹം,
നമ്മിലേക്ക് കടന്നുവരുന്ന സ്നേഹം- വിഭിന്നമാണ്‌ അവയോരോന്നും.
ഒരോ ബന്ധങ്ങളും എന്തായിരുന്നുവോ അതു തന്നെയായിരിക്കണമത്.
അതിനായ് തന്നെയാണത് നമ്മിലേക്ക് വന്നത്,
അതാണ്‌ നമ്മിലതിന്റെ ഇടപെടലുകൾ;
നമ്മിലതുണ്ടാക്കുന്ന അനുഭവങ്ങളും
നമ്മിലതവശേഷിപ്പിക്കുന്ന അടയാളങ്ങളും.
അത് നമ്മിലുണ്ടാക്കുന്ന ഒരു internal growth ,
നമുക്കായ് തീർത്തുകിട്ടുന്ന ഒരു personal space,
അത് നമ്മെ ശുദ്ധീകരിക്കുന്നത്:
വീണ്ടും വീണ്ടും refined ആവുകയാണ്‌ നാം-
 ഒരോ ബന്ധങ്ങളും നമ്മിലവശേഷിപ്പിക്കുന്നതതാണ്‌:
 അപൂർണ്ണരാണ്‌ നാമെന്ന ഓർമ്മപ്പെടുത്തലും പൂർണ്ണതയിലേക്കുള്ള അന്വേഷണങ്ങളും.'

ഒരോ സൗഹൃദങ്ങളിലും ഒരോ വർത്തമാനങ്ങളിലും ഞാനത് അനുഭവിച്ചറിയാറുണ്ട്.
പലമനുഷ്യരായ് ഞാൻ അവിടെയെല്ലാം മാറിപ്പോകുന്നു. പലമനുഷ്യരായ് മാറിപ്പോകുന്നതാവില്ല. ഉള്ളിൽ ഒരുപാട് മനുഷ്യരുണ്ടായിരുന്നിരിക്കണം. ഒരാളോടൊപ്പമുള്ള വർത്തമാനങ്ങളിൽ അയാൾക്ക് അങ്ങേയറ്റം അനിയോജ്യനായ ഒരാൾ എന്റെ ഉള്ളിൽ ജീവൻ വയ്ക്കുന്നു. എന്റെ ശബ്ദവും കേൾവിയും അയാൾക്ക്  വേണ്ടിയുള്ളതാകുന്നു.

ഒരാളോടുള്ള സംസാരം വളരെ ബോധപൂർവ്വമായ പ്രക്രിയയാണ്‌. അതുവരെ നീ അനുഭവിച്ച യാതനകളെയെല്ലാം സ്വീകരിയ്ക്കാൻ ഞാനിവിടെയുണ്ടല്ലോ എന്ന വാക്ക്. നിന്നിലേക്ക് ഒരിയ്ക്കലും വറ്റിപ്പോകാത്തൊരു സന്തോഷക്കടൽ നിറയട്ടെ എന്ന പ്രാർത്ഥന. എവിടെയൊക്കെ ചുറ്റിത്തിരിഞ്ഞാലും എന്റെ സ്നേഹത്തിലേക്കല്ലാതെ മറ്റൊരിടത്തേക്കും നിനക്ക് പോകാനില്ലെന്ന ഉറപ്പ്.

" രേവതീ, ഇതാണ്‌ നിന്റെ കുഴപ്പം ", അപർണ്ണ പറയാറുണ്ട്: " ഓരോരുത്തരും കരുതും അവരെത്രയോ കാലമായ് കാത്തിരിക്കുന്ന ഒരാളാണ്‌ നീ എന്ന്. അത്രയുമേറെ അവരെ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ. ഒരോ ആളും മറ്റൊരാളിൽ അന്വേഷിക്കുന്നത് അതാണ്‌. അയാളെ പ്രതിഫലിപ്പിക്കാൻ ഒരിടം."
" അത് ശരിയായിരിക്കും ,അപ്പൂ." എനിയ്ക്കും തർക്കമുണ്ടായിരുന്നില്ല: " എന്നിലേക്കെത്തുന്നവർക്കെല്ലാം ഞാനങ്ങനെ തന്നെയാണ്‌."
" അങ്ങനെ ആയിരിക്കുമ്പോൾ, അവർ നിന്റെ സാമീപ്യം, നിന്റെ കരുതൽ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്കും കൂടി extend ചെയ്യാൻ ആഗ്രഹിക്കും. അങ്ങനെ ഒരിടത്തെത്തുമ്പോൾ പക്ഷേ അവരിൽ നിന്ന് അതിവിദഗ്ദമായ് നീ അപ്രത്യക്ഷയാകും- എങ്ങോട്ടെന്നില്ലാതെ മാഞ്ഞു പോകും.അതല്ലേ നിന്റെ പതിവ്‌ !"
" ശരിയായിരിക്കാം." ഞാൻ പറഞ്ഞു: " പക്ഷേ, എവിടേയ്ക്കും ഞാൻ ഓടിപ്പോകുന്നില്ല. അവരെന്നിലേക്ക് നീട്ടിവയ്ക്കുന്ന  ചില ആവശ്യങ്ങളെ അവഗണിയ്ക്കുക മാത്രമാണ്‌ ചെയ്യുന്നത്. അത് ചിലർക്ക് അവരെ അവഗണിയ്ക്കുന്നതിന്‌ തുല്യമായ് തോന്നുന്നു. അവരെന്നിൽ നിന്ന് അപ്രത്യക്ഷരാകുന്നു. എപ്പോൾ വേണമെങ്കിലും സ്വീകരിക്കപ്പെടാനും ഉപേക്ഷിക്കപ്പെടാനും ഒരുക്കമാണ്‌ ഞാൻ..പക്ഷേ എന്റെയുള്ളിലെന്നും ഞാൻ ഞാൻ തന്നെയായിരിക്കും; തികഞ്ഞ സംതൃപ്തിയോടെ. എനിയ്ക്ക് സ്നേഹം സ്വന്തമാക്കലല്ല; സ്വതന്ത്രമാക്കലാണ്‌."

"ഒരോ സ്നേഹബന്ധങ്ങളും ദൃഢമാകുന്നുവോ എന്ന തോന്നലുണ്ടാകുമ്പോൾ, ‘ ഇടയ്ക്ക് എപ്പോൾ വേണമെങ്കിലും കടന്നുവരാൻ സാധ്യതയുള്ള അസാന്നിധ്യം, അപ്രതീക്ഷിതമായ പിൻവാങ്ങലുകൾ കൂടി പ്രതീക്ഷിയ്ക്കുക 'എന്ന് ഒരോ കൂട്ടുകാരുടേയും മുന്നിലൊരു ബോർഡ് കൂടി വച്ചേക്കണം നീ ,"  അപർണ്ണ മറുപടി പറഞ്ഞു: " എന്നാലേ മുറിവേല്ക്കുന്നവരുടെ എണ്ണം കുറയൂ! "


റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും മഴ നന്നായ് ചാറുന്നുണ്ടായിരുന്നു. മഴക്കാലത്തുപോലും കുടയെടുക്കാൻ മറന്നു പോകാറുണ്ട് ഞാൻ.  മഴ മാറുന്നതുവരെ കാത്തിരിയ്ക്കാം- എനിയ്ക്ക് എവിടേയ്ക്കും തിരക്കു പിടിച്ച് പോകാനില്ല. അല്ലെങ്കിൽ പെരുമഴ നനഞ്ഞ്, പനിപിടിച്ച് മനസ്സുപോലും സംസാരിക്കാനില്ലാതെ പുതപ്പിനടിയിൽ ബോധം കെട്ട് ഉറങ്ങാം. രണ്ടായാലും ഇഷ്ടം!

അങ്ങനെ ഓർത്ത് ബസ്സിൽ നിന്ന് ഇറങ്ങുമ്പോഴേക്കും തണലുപോലെ ഒരു കുട. 
എന്നിലേക്ക് പെയ്യേണ്ടിയിരുന്ന ഒരു മഴയെ ആരോ ഒരാൾ കുട കാണിച്ച് തിരിച്ചയച്ചിരിക്കുന്നു.
"അർമാൻ!"
എനിയ്ക്ക് ചെന്നു നില്ക്കേണ്ട എല്ലാ ഫ്രെയിമിലും ഒപ്പം ഇയാൾ കൂടി ഉണ്ടല്ലോ എന്നായി എന്റെ ചിന്ത. 

"ബസ്സിലുണ്ടായിരുന്നോ?" ഞാൻ അയാളോടന്വേഷിച്ചു.
"അതേ അതേ.. രേവതി പക്ഷേ നല്ല ഉറക്കത്തിലായിരുന്നല്ലോ. ഉച്ചയ്ക്ക് എന്തു പറ്റി? ഉച്ചനേരത്തെ ട്രെയിനിൽ പോകും എന്നല്ലേ പറഞ്ഞത്? ഞാൻ കോളേജ് സ്റ്റോപ്പിൽ കാത്തുനിന്നിരുന്നു.ഫോൺ ചെയ്തിട്ട് എടുത്തതുമില്ല."
"എന്തിനാ കൂടെ വന്നത്? " ഞാൻ ചോദിച്ചു.
“ തനിച്ചാകാതിരിക്കാൻ നീ ആഗ്രഹിച്ചതു പോലെ തോന്നി,  ഇന്ന് രാവിലെ നമ്മൾ വർത്തമാനം പറഞ്ഞപ്പോൾ. "
ഞാനങ്ങനെ ആലോചിച്ചിട്ടേ ഉണ്ടായിരുന്നില്ല. തനിച്ചുള്ള യാത്ര എന്നത് അത്രമാത്രം സാഹസികമായ, യാതനകൾ നിറഞ്ഞ ഒന്നാണെന്ന് തോന്നിയിട്ടില്ല എനിയ്ക്ക്.
മാത്രവുമല്ല,ഒരു സാധ്യതയുമാണത്. എവിടെ നിന്നെങ്കിലുമായ് ആരെങ്കിലും അവിടേയ്ക്ക് വന്നുകയറും. കഥകൾ പങ്കുവയ്ക്കും. പുസ്തകങ്ങളേക്കാൾ എളുപ്പത്തിൽ അതെന്നിൽ വാക്കുകൾ നിറയ്ക്കും. പലജീവിതങ്ങളിലൂടെ അനായാസമെനിക്ക് അപ്പോൾ കടന്നുപോകാം.

ഞാൻ അയാളെ ശ്രദ്ധിച്ചു: ഈ നിമിഷം അല്ലെങ്കിൽ അതിനടുത്ത നിമിഷം എന്നോടൊപ്പം പങ്കിടാനാഗ്രഹിക്കുന്ന ജീവിതത്തെ കുറിച്ച് അയാളെന്നോട് പറയുമെന്ന് എനിക്കുറപ്പായി. 
ആളുകൾ, സ്നേഹത്തെ കുറിച്ച്, ജീവിതത്തെക്കുറിച്ച് അവർ ശീലിച്ച വിശ്വാസങ്ങൾ നമ്മിലേക്ക് ആരോപിക്കുന്നത് എന്തിനാണ്‌? നാം പറഞ്ഞുപോകുന്ന സ്നേഹവാചകങ്ങളെ ;നാം അവരോടു കാണിക്കുന്ന ശ്രദ്ധയെ, കരുതലിനെ ജീവിതം പങ്കിടാനുള്ള സൂചനകളായ് ആളുകൾ കരുതി പോകുന്നത് എന്തു കൊണ്ടാണ്‌? 
' നീ എന്റെ മാത്ര' മെന്ന് ഉറ്റവാചകത്തിൽ ഉറപ്പിക്കുന്നത് എന്തിനാണ്‌? 
അല്ലെങ്കിലും എന്ത് വിചിത്രമായ ആഗ്രഹങ്ങൾ സാധിക്കാനാണ്‌ ആളുകൾ വിവാഹം ചെയ്യുന്നത്?


ചുറ്റിലും രണ്ടുതരം ആളുകൾ വേണം. വളരെ മിതമായ് നമ്മെ സ്നേഹിക്കാനും, വളരെ തീവ്രമായുള്ള നമ്മുടെ സ്നേഹം സ്വീകരിക്കുവാനും. ഭ്രാന്തമായ സ്നേഹപ്രകടനങ്ങൾക്കൊടുവിൽ യാതൊരു അല്ലലുമില്ലാതെ നമ്മിലേക്ക് നമ്മൾ മടങ്ങിപ്പോകുമ്പോൾ മുറിവേല്ക്കാത്ത അത്രയും നിസംഗതയുള്ള ഒരാൾ.
നമ്മുടെ അസാന്നിധ്യത്തിന്റെ വേദനകൾ പേറാത്ത ഒരാൾ; 
നമ്മുടെ സ്നേഹത്താൽ അമാനുഷികനായ് പോകുന്ന ഒരാൾ.

പ്രണയത്തിലായിരിക്കുക എന്ന ജീവിതാവസ്ഥയല്ലാതെ മറ്റൊന്നും നമ്മളിൽ നിന്ന് ആഗ്രഹിക്കാത്ത ഒരാൾ. 
ഏതെങ്കിലും ഒരാളിൽ, ഏതെങ്കിലുമൊന്നിൽ വിധേയമാകാത്തവണ്ണം അത്രമേൽ സ്വതന്ത്രമാകണമത്- എന്നിലെ പ്രണയം.

' ഇതാ പ്രണയത്താൽ ബന്ധനസ്ഥനായവൻ
 എന്നല്ല
 ഇതാ പ്രണയത്താൽ സ്വതന്ത്രനാക്കപ്പെട്ടവൻ '
എന്ന്, എന്റെ പ്രണയിയെ കാലം അടയാളപ്പെടുത്തണം.

ഞാൻ അങ്ങനെ ഒരാൾക്ക് വേണ്ടിയാണ്‌ കാത്തിരിക്കുന്നത്. എന്നിലേക്ക് വന്നുചേരുന്ന ഒരോ കഥകളിലും ഞാനന്വേഷിക്കുന്നത് അയാളെയാണ്‌. എന്നെ പ്രതിഫലിപ്പിക്കാൻ കരുത്തുള്ള ഒരാളെ.

അർമാനിപ്പോഴും ഭൂതകാലത്തിലാണ്‌. അവനിപ്പോഴും ഭ്രൂണാവസ്ഥയിലാണെന്ന് എനിക്ക് തോന്നി. കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷങ്ങളായ് ഏതോ ഒരമ്മയുടെ ഗർഭപാത്രത്തിൽ ജീവിയ്ക്കാൻ തയ്യാറെടുക്കുന്ന ഭ്രൂണം.

എന്റെ മുന്നിൽ ഭംഗിയുള്ള ഒരു രാത്രിയുണ്ട്. മഴ നനവുള്ള രാത്രി. പ്ലാറ്റ്ഫോമിൽ ഞാനും അർമാനും അവിടെയിവിടെയായി മൂന്നോ നാലോ പേരും. സത്യത്തിൽ അർമാന്റെ സാന്നിധ്യം തനിച്ചിരുന്നൊരു രാത്രിമഴ കാണുന്നതിന്റെ സുഖം ഇല്ലാതാക്കുകയാണ്‌.

അർമാനോട് ഞാൻ അവസാനമായ് ഒന്നിച്ചിരിക്കുകയാണെന്ന് തോന്നി.
അർമാൻ എന്നോട് കരുതൽ കാണിക്കുന്നു. അല്ല, അങ്ങനെ അല്ല.
അയാളെന്റെ കാവല്ക്കാരനാകുന്നത് എന്തിനാണെന്നാണ്‌ ഞാനോർത്തത്.
എന്റെ കാര്യങ്ങൾക്ക് എനിക്ക് ഒരു മേൽനോട്ടക്കാരന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല.
' കാവൽ നില്ക്കാൻ ഞാനുണ്ട് ' എന്ന വാക്ക് ദുർബലയാണെന്ന ഓർമ്മപ്പെടുത്തലാണെനിക്ക്.

പലരും സ്നേഹമായ് തെറ്റിദ്ധരിച്ചുപോകുന്നത് ഇതിനെയാണ്‌; സ്നേഹമായ് സ്വീകരിച്ചു പോകുന്നത് ഇതിനെയാണ്‌. ഒരാളെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഒരു കവചമായ് മറ്റൊരാൾ മാറേണ്ടത് എന്തിനാണ്‌!
കുറഞ്ഞപക്ഷം എനിക്കെങ്കിലും അങ്ങനെ ഒരു സംരക്ഷണത്തിന്റെ ആവശ്യമില്ലെന്ന് എനിയ്ക്ക് അർമാനോട് പറയേണ്ടിയിരിക്കുന്നു. അതിനർത്ഥം എന്റെ സൗഹൃദവും സ്നേഹസാമീപ്യങ്ങളും ഞാനയാൾക്ക് നിഷേധിക്കുന്നു എന്നല്ല. പക്ഷേ പലരേയും പോലെ അയാളും അതങ്ങനെയാവും മനസ്സിലാക്കുക.

നമ്മളിൽ പ്രതിഫലിക്കുന്ന ഒരുപാട് പേരുണ്ടാകും.  പക്ഷേ നമ്മെ പ്രതിഫലിപ്പിക്കുന്ന എത്ര പേരുണ്ടാകും? ഒരാൾക്കൂട്ടത്തെ ഉള്ളിൽ വഹിച്ച്, പല മനുഷ്യരായ് മാറിക്കൊണ്ടിരിക്കുന്നവരുടെ അനുഭവമായിരിക്കുമത്.

എനിക്കാരേയും സ്വന്തമാക്കേണ്ടതില്ല; ആർക്കെങ്കിലും സ്വന്തമാക്കാൻ ഞാനെന്നെ വിട്ടു കൊടുക്കുകയും ഇല്ല.

No comments: